കായലിൽ നിന്നും മൈക്കിൾ ചേട്ടന്റെ കൂടെ ഉള്ള ഞണ്ടുപിടുത്തം
Treaking & Camping
അതും കൊല്ലം അഷ്ടമുടി കായലിൽ നിന്നും
അഷ്ടമുടി കായലിൽ മൈക്കിൾ ചേട്ടന്റെ കൂടെ ഉള്ള ഞണ്ട് പിടുത്തം. ഞണ്ടെന്ന് പറഞ്ഞാൽ 1 കിലോ തൂക്കമുള്ള ഞണ്ട് ആണ് സാധരണ ഇവിടെ നിന്നും പിടിക്കുന്നത്. രണ്ട് ദിവസം മൈക്കിൾ ചേട്ടന്റെ വീട്ടിൽ താമസിച്ചു പൂർത്തീകരിച്ച video vlog. കാണുക കണ്ട് അഭിപ്രായം പറയുക. ഇഷ്ടപെട്ടാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. അടുത്ത വീഡിയോയുമായി ഞാൻ ഉടനെ തന്നെ വരുന്നതാണ്...
പ്രഫുല്ലിന്റെ അളിയന്മാർ ബൈസൺ വാലിയിൽ ഉണ്ടെന്നും അവിടെയുള്ള ചൊക്രാമുടിയെന്ന ഒരു വലിയ മല ഒന്ന് കീഴടക്കിയാലോ എന്നായി പ്രഫുൽ. ഏകദേശം 7002 അടിയാണ് ചൊക്രാമുടിയുടെ ഉയരം. മലയുടെ ഒരു ഭാഗം വനമായതിനാൽ ഒരു കൂട്ടു കൂടി ആകാം എന്ന ആലോചനയിലാണ് ബൈജു ചേട്ടന് നറുക്കുവീണത്. അങ്ങനെ മലകയറ്റത്തിനു വേണ്ട സാധനങ്ങളെല്ലാം ഒരുക്കി സന്തോഷ് ചേട്ടന്റെ ജീപ്പിൽ ചൊക്രാമുടിയുടെ അടിവാരത്തിനടുത്തെത്തി. അവിടെ നിന്നും എല്ലാ സന്നാഹവുമായി മലകയറ്റം തുടങ്ങി. ഏലത്തോട്ടത്തിൽ കൂടിയുള്ള യാത്രയിൽ കണ്ടുമുട്ടിയ ഒരു പച്ചിലപ്പാമ്പ് തന്റെ ഫോട്ടോ സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്യാം എന്ന ഉറപ്പിൻ മേൽ ക്യാമറക്ക് പോസ് ചെയ്തു തന്നു.
ആവശ്യം എങ്കിൽ ഒരു രാത്രി കഴിയാനുള്ള തയ്യാറെടുപ്പിലാണ് മലകയറ്റം ആരംഭിച്ചത്. BBQ - വിനുള്ള ചിക്കൻ , പാക്കറ്റ് ചപ്പാത്തി , ബ്രഡ് , ജാം എന്നിവ കരുതിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൾ മഴ പെയ്തതിനാൽ മലമുകളിൽ പലയിടങ്ങളിലും വെള്ളം കെട്ടിനിൽക്കും എന്നുള്ള ധാരണയിൽ വളരെ കുറച്ചു കുടിവെള്ളം മാത്രമേ കരുതിയിരുന്നുള്ളൂ. എന്നാൽ അങ്ങനെ ഒരു തീരുമാനം എടുത്തത് വലിയ അബദ്ധമായി പോയി എന്ന് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്.
മലയോര മേഖലയിൽ താമസിക്കുന്ന സന്തോഷ് ചേട്ടന്റെയും ബിജു ചേട്ടന്റെയും മലകയറ്റത്തിന് മുന്നിൽ ഞാനും പ്രഫുല്ലും പിടിച്ചുനിൽക്കാൻ കുറച്ചു പാടുപെട്ടു. കുത്തനെയുള്ള കയറ്റമായതിനാൽ വളരെ സാവധാനം മാത്രമേ കയറാൻ സാധിക്കുകയുള്ളൂ ..മലകയറിവരുന്ന . അപരിചിതരെ മലമുകളിൽ നിന്നു എത്തിനോക്കുന്ന മലയാട്ടിൻകൂട്ടങ്ങളെ മിക്കപ്പോഴും കാണാവുന്നതാണ് .
എന്നാൽ ആദ്യ ദിവസം വെള്ളം കണ്ടെത്താൻ കഴിയാത്തതിനാൽ ഞങ്ങൾ നാലുപേർക്കും രണ്ടുകുപ്പി വെള്ളം കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു . കൂടുതലും ചെങ്കുത്തായ സ്ഥലമായതിനാൽ ടെന്റ് അടിക്കുന്നതിനുവേണ്ടിയുള്ള നിരപ്പായ സ്ഥലമായിരുന്നു അവിടെ തിരഞ്ഞിരുന്നത്, അങ്ങനെ ഏകദേശം കയറ്റത്തിന്റെ 20 ശതമാനം പിന്നിട്ടപ്പോൾ ടെന്റ് അടിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി. രണ്ട് പാറകൾക്കിടയിൽ കൃത്യം രണ്ട് ടെന്റിനുള്ള സ്ഥലവും, അതിന് കുറച്ചകലെയായി ഒരു വലിയ പാറയുടെ മറവിൽ ക്യാമ്പ് ഫയറിനും BBQ വിനും പ്രകൃതി ഞങ്ങൾക്കായി ഒരുക്കിവെച്ച പോലൊരു സ്ഥലം. ശക്തമായ തണുത്ത കാറ്റ് ആഞ്ഞുവീശിത്തുടങ്ങി, കാറ്റിൽ ചെറിയ ഒരു തീപ്പൊരി ടെന്റിൽ വീണാൽ എല്ലാം കഴിഞ്ഞു. സന്തോഷ് ചേട്ടനും ബിജു ചേട്ടനും ഉണങ്ങിയ മരക്കൊമ്പുകൾ ശേഖരിച്ചു കൊണ്ടുവന്ന് campfire കത്തിച്ചപ്പോഴാണ് തണുപ്പിൽ നിന്നും ചെറിയ ഒരാശ്വാസം കിട്ടിതുടങ്ങിയത്. താഴ്വാരത്തുള്ള ലൈറ്റുകളുടെ കാഴ്ച ആകാശത്തുള്ള നക്ഷത്രങ്ങളെക്കാളും മനോഹരമായി തോന്നി.
campfire- റിനോടുകൂടിത്തന്നെ ചിക്കൻ BBQ വും ചപ്പാത്തിയും ചുട്ടെടുത്തു. പതിനൊന്നുമണിവരെ എങ്കിലും കഥ പറഞ്ഞിരിക്കണം എന്ന് തീരുമാനിച്ച ഞങ്ങളെ തണുപ്പ് ഒൻപതുമണിയായപ്പോഴേ ടെന്റിനുള്ളിൽ കയറ്റിയെന്നതാണ് സത്യം. ടെന്റടിച്ച സ്ഥലം അത്ര നിരപ്പല്ലെങ്കിലും , കുന്നിൻ മുകളിൽ നിന്നും ശേഖരിച്ച പച്ചപ്പുല്ലിൻമേലുള്ള ഉറക്കം സുഖമായിരുന്നു. രാത്രിയിൽ പലരുടെയും കൂർക്കംവലികാരണം മറ്റ് വന്യമൃഗങ്ങൾ ഒന്നും തന്നെ ശല്യം ചെയ്യാൻ വന്നില്ല എന്നുള്ളതാണ് സത്യം.
അതിരാവിലെ തന്നെ പല ഭാരമുള്ള സാധനങ്ങളും ടെന്റിൽ തന്നെ ഉപേക്ഷിച്ചു ക്യാമറയും ഒഴിഞ്ഞ രണ്ട് കുപ്പിയുമായി ഞങ്ങൾ രണ്ടാംഘട്ട മലകയറ്റം ആരംഭിച്ചു . മലമുകളിൽ എവിടെയോ ഒരു അരുവിയുള്ള കാര്യം പലപ്പോഴും മലകയറ്റത്തിന് ഒരു പ്രജോധനം ആയിരുന്നു. എന്നാൽ പാറയിൽ കൂടിയുള്ള പല കയറ്റങ്ങളും കഴിഞ്ഞ ദിവസത്തെക്കാളും കഠിനവും അപകടകരവുമായി തോന്നിയതിനാൽ തിരിച്ചുള്ള ഇറക്കം മലഞ്ചരിവിലുള്ള കാട്ടിൽ കൂടിയാക്കാം എന്ന സന്തോഷ് ചേട്ടന്റെ അഭിപ്രായം എല്ലാവരും ഒരു മറുവാക്ക് പോലും പറയാതെ അംഗീകരിച്ചു . കയറുംതോറും തലേ ദിവസം താമസിച്ച ടെന്റുകൾ പച്ചകുത്തുകൾ പോലെ താഴെ അവശേഷിച്ചുതുടങ്ങി. വന്യമൃഗങ്ങളുടെ സാന്നിധ്യം പ്രകടമായികൊണ്ടിരുന്നു .. കാട്ടിലെ മലയാടിൻ പറ്റങ്ങളുടെ കാഷ്ടവും, മുള്ളൻപന്നിയുടെ മുള്ളുകളും , ആനപിണ്ഡവും എല്ലാം അങ്ങിങ്ങായി കിടക്കുന്നു.
വെള്ളം അന്വേഷിച്ചു നടക്കുമ്പോൾ പാറയിൽ ഒരു ചെറിയ നനവും കുറച്ചു പായലും ചെറിയ പ്രതീക്ഷ നൽകിയെങ്കിലും പഠിച്ച പണി പാതിനെട്ടുനോക്കിയിട്ടും ഒരു തുള്ളി വെള്ളം മാത്രം അതിൽനിന്നും എടുക്കാൻ കഴിയുന്നില്ല , അങ്ങനെ അവസാനം ഡിസ്‌കവറി ചാനലിൽ Man vs Wild- ൽ Bear Grylls കാണിക്കുന്നതുപോലെ ആ നനവിന് കുറുകെ പായൽ കൊണ്ട് ഒരു തടയണ തീർത്തപ്പോൾ ചെറിയ രീതിയിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങി.വലിച്ചുകുടിക്കാൻ ചെറിയ ഒരു മുളങ്കമ്പ് കിട്ടാത്തതിനാൽ ഇല കൊണ്ട് കുമ്പിൾ ഉണ്ടാക്കി ആ വെള്ളം ആദ്യമായി രുചിച്ചപ്പോൾ ഉണ്ടായ ആശ്വാസം ഈ വരികളിൽ തീരുന്നതല്ല. ഉയരം കൂടുംതോറും ചായക്ക് മാത്രമല്ല വെള്ളത്തിനും രുചി കൂടുമെന്ന് മനസ്സിലായ ഒരു അസുലഭ നിമിഷം.
തിരിച്ച് കാട്ടിലൂടെയുള്ള മല ഇറക്കത്തിൽ ആന വെള്ളം കുടിക്കുന്നതുവേണ്ടി സ്വയം ഉണ്ടാക്കിയെടുത്ത ഒരു ചെളിക്കുഴിയിൽ നിന്നുള്ള വെള്ളമാണ് എല്ലാവരുടെയും ക്ഷീണം അകറ്റിയത്.
എന്നാൽ വന്യ മൃഗങ്ങൾ വരാൻ സാധ്യത ഉള്ളതിനാൽ അധികം നേരം അവിടെനിൽക്കുന്നതത്ര നല്ലതല്ല എന്ന തിരിച്ചറിവോടുകൂടി തിരിച്ചിറങ്ങാനുള്ള വഴി അന്വേഷിച്ചു ഞങ്ങൾ എത്തിപ്പെട്ടത് കൊടും കാട്ടിലുള്ള പാറയിടുക്കിലാണ് ..ശരിക്കും ഉള്ളിൽ ഭയം തോന്നുന്ന തരത്തിലുള്ള ഇരുണ്ട വഴി .. ഒരു കല്ലിൽ നിന്നും അടുത്ത കല്ലിൽ പിടിച്ചിറങ്ങണമെങ്കിൽ രണ്ട് കൈയ്യും രണ്ട് കാലും തികയാത്ത അവസ്ഥ. വള്ളികളിൽ തൂങ്ങിയും, കല്ലേൽ ഇരുന്ന് നിരങ്ങിയും മൃഗ തുല്യമായ യാത്ര. പല പാറയിടുക്കിലും ഏതൊക്കെയോ വലിയ മൃഗങ്ങൾ വസിക്കുന്നതിന്റെ ലക്ഷണങ്ങൾ. ഉമ്മറിനെ പേടിച്ചു അവസാനം ബാലൻ കെ നായരുടെ മുന്നിലെത്തിയപോലെയായി ഞങ്ങളുടെ കാര്യങ്ങൾ. സന്തോഷ് ചേട്ടനും ബൈജു ചേട്ടനും മുള്ളുനിറഞ്ഞ ചെടികളും വള്ളികളും മാറ്റി കാട്ടിത്തരുന്ന വഴിയാണ് ഞാനും പ്രഫുല്ലും പിന്തുടർന്നത്. അങ്ങനെ അവസാനം ഞങ്ങളുടെ ടെന്റ് അടിച്ചിട്ടുള്ളതായ ബേസ് ക്യാമ്പിംഗിൽ ഒരു തരത്തിൽ എത്തി എന്ന് പറയുന്നതാവും ശരി എത്തി. എത്തുന്നവർ എത്തുന്നവർ ടെന്റിൽ കരുതിയിരുന്ന ബ്രെഡും ജാമും എടുത്തു തിന്ന് വിശപ്പടക്കി. അല്പം വിശ്രമത്തിന് ശേഷം ടെന്റും അഴിച്ച് മലയിറക്കം തുടങ്ങി. തികച്ചും ക്ഷീണിതനായിട്ടും വന്യ മൃഗങ്ങളുടെ ജീവന് ഭീഷണി ആകാനിടയുള്ള ക്യാമ്പ് സൈറ്റിലുള്ള മുഴുവൻ മാലിന്യങ്ങളും കൂടാതെ വഴിയിൽ കണ്ട മറ്റ് പ്ലാസ്റ്റിക് കുപ്പികളും ചുമന്ന് താഴെ എത്തിക്കാൻ സ്വയം തയ്യാറായ പ്രഫുല്ലിനെ പ്രത്യേകം പ്രശംസിക്കാതെ ഈ വരികൾ പൂർത്തിയാകില്ല.
താഴെ എത്തിയ ഞങ്ങൾ തലേ ദിവസം ഇട്ടിരുന്ന സന്തോഷ് ചേട്ടന്റെ ജീപ്പിൽ കയറി സന്തോഷ് ചേട്ടന്റെ വീട്ടിലേക്ക്.വീട്ടിൽ എത്തിയ ഞങ്ങളെ കാത്ത് സന്തോഷ് ചേട്ടന്റെ അമ്മയുടെ വക നല്ല ഒന്നാംതരം കപ്പയും മീൻകറിയും. കപ്പയും മീൻകറിയും കഴിച്ച് അല്പം സമയം വിശ്രമിച്ച ശേഷം എല്ലാവരോടും യാത്ര പറഞ്ഞു ഞാനും പ്രബുല്ലും തിരികെ വീട്ടിലേക്ക്.
എന്റെയും പ്രഫുല്ലിന്റെയും ക്യാമറയിലെ ഫോട്ടോസ് ആണ് എവിടെ നൽകിയിരിക്കുന്നത്
Current Activities
Website Designing- https://www.akeydesigns.com
Responsible Tourism- https://www.explorekeralawithus.com
Blog- https://www.exploringkeralaite.com
Vlog- https://www.youtube.com/exploringkeralite
Instagram- https://www.instagram.com/exploring_keralite